വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്; 50,000 രൂപ പിഴയും
സംരക്ഷണം ഉറപ്പാക്കാൻ നിയമഭേദഗതി; സ്വത്ത് കൈമാറ്റം റദ്ദാക്കാനും പോലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസർമാരെയും നിയോഗിക്കാനും വ്യവസ്ഥകൾ
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കർശന ശിക്ഷാനടപടികൾ ഉൾപ്പെടുത്തിയ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് തീരുമാനം.
പ്രധാന വ്യവസ്ഥകൾ
കർശന ശിക്ഷ: മുതിർന്ന പൗരന്മാരെ ഉപദ്രവിക്കുക, വീടുകളിൽനിന്ന് ഇറക്കിവിടുക, ആവശ്യമായ സംരക്ഷണം നൽകാതിരിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും.
സ്വത്ത് കൈമാറ്റം റദ്ദാക്കാം: വയോജനങ്ങളുടെ സ്വത്ത് കൈപ്പറ്റിയശേഷം അവരെ സംരക്ഷിക്കാതിരുന്നാൽ സ്വത്ത് കൈമാറ്റം റദ്ദാക്കുന്നതിനായി വയോജന ട്രൈബ്യൂണലിനെ സമീപിക്കാനുള്ള വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ഉപയോഗിച്ചും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
പോലീസ് സ്റ്റേഷനുകളിൽ നോഡൽ ഓഫീസർമാർ: വയോജനങ്ങളുടെ പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള നോഡൽ ഓഫീസർമാരെ നിയോഗിക്കാനും നിർദേശമുണ്ട്.
പ്രതിമാസ സംരക്ഷണത്തുക: മാതാപിതാക്കൾക്ക് മക്കളോ നിയമപരമായി ഉത്തരവാദപ്പെട്ടവരോ നൽകേണ്ട സംരക്ഷണത്തുക മുടക്കിയാൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും വ്യവസ്ഥകളുണ്ടാകും.
കമ്മ്യൂണിറ്റി പിന്തുണ: വയോജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനായി വിവരശേഖരണം നടത്തുകയും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും സഹായത്തോടെ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യും.
കേരളത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം.


