ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ ഈലക്കയത്തിന് സമീപം ചരക്കുലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കളത്തക്കടവ് സ്വദേശി പ്രസാദിനെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് ടൈലുകളുമായി എത്തിയ കൊച്ചിൻ ഗ്രാനൈറ്റ്സിന്റെ മിനി ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ വേലിയിൽ ഇടിച്ചശേഷം എതിർദിശയിൽ വരികയായിരുന്ന പ്രസാദിന്റെ ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി റോഡരികിലേക്ക് മറിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന ടൈലുകൾ റോഡിലേക്ക് ചിതറിവീണതോടെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പ്രസാദിനെ ആശുപത്രിയിലെത്തിച്ചു.


