കൈകഴുകൽ ദിനത്തിൽ ശുചിത്വസന്ദേശവുമായി കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ
കാഞ്ചിയാർ: വ്യക്തിശുചിത്വത്തിന്റെയും രോഗപ്രതിരോധത്തിന്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയിൽ കൈ കഴുകേണ്ടതെങ്ങനെയെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി. കൈപ്പത്തികൾ, കൈകളുടെ പുറംഭാഗം, വിരലുകൾക്കിടയിലെ ഭാഗങ്ങൾ, വിരൽത്തുമ്പുകൾ, നഖങ്ങൾ എന്നിവ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപിക ലിൻസി ജോർജ് വിശദീകരിച്ചു. ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനുശേഷവും പുറത്തുനിന്ന് വീട്ടിലെത്തിയ ശേഷവും കൈകൾ നന്നായി കഴുകേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി.
20 സെക്കൻഡ് കൈകഴുകൽ ചലഞ്ച്, ശുചിത്വ ബോധവത്കരണം, ലളിതമായ ശാസ്ത്രപരീക്ഷണം എന്നിവയും നടത്തി. കൈകഴുകലിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച പോസ്റ്ററുകൾ സ്കൂൾ ചുറ്റുമതിലിൽ പ്രദർശിപ്പിച്ചു.
കുട്ടികൾ പഠിച്ച ശുചിത്വശീലങ്ങൾ കുടുംബാംഗങ്ങൾക്കും പരിചയപ്പെടുത്താൻ നിർദേശിച്ചു. കുട്ടികളിലൂടെ ആരോഗ്യശീലങ്ങൾ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.
പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി, ലിബിയ ജയിംസ്, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


