എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണിക്ക് ആറു വർഷം അയോഗ്യത
എരുമേലി: എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇതോടെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആറു വർഷത്തേക്ക് സുബി സണ്ണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
കോൺഗ്രസ് സ്ഥാനാർഥിയായി യു.ഡി.എഫ് പിന്തുണയോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സുബി സണ്ണി, പാർട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും തുടർന്ന് ഇടതുപക്ഷ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തെന്നാണ് പരാതി. ഇത് പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള കൂറുമാറ്റമാണെന്ന് ആരോപിച്ച് 2024 നവംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ഉത്തരവിനെ സ്വാഗതം ചെയ്ത കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, വിധിയുടെ വിജയം എരുമേലിയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി പറഞ്ഞു.


