സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷ വ്യതിയാനങ്ങളുടെ സ്വാധീനത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഉച്ചയ്ക്കുശേഷവും രാത്രിയിലുമാണ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണം.


