ക്ഷയരോഗ മുക്തഭാരതം: കോട്ടയത്ത് ജോഷ് ടീമിന് തുടക്കം
കോട്ടയം: ക്ഷയരോഗ മുക്തഭാരതം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത് (ജോഷ്) ടീമിന്റെ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. കോട്ടയം ആർ.ഡി.ഒ. നിജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.
ദേശീയതല ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിത്താര അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ ജോഷ് ടീമിന്റെ പ്രവർത്തനങ്ങൾക്ക് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ജില്ലയിൽ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ക്ഷയരോഗ നിർമാർജന സന്ദേശം പ്രചരിപ്പിക്കുന്നതിനായി മികച്ച റീലുകൾ തയാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മൈ ഭാരത് വോളണ്ടിയർമാർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
ക്ഷയരോഗ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ജോഷ് വോളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസിന് കോട്ടയം ടി.ബി. സെന്റർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. കെ.എം. ശ്രീജ നേതൃത്വം നൽകി. 16 കേരള എൻ.സി.സി. ബറ്റാലിയനെ പ്രതിനിധീകരിച്ച് സുബേദാർ പ്രബീഷ്, ജില്ലാ ടി.ബി. ഓഫീസർ ഡോ. ശ്രീജിത്ത് ബാബു എന്നിവരും പങ്കെടുത്തു.
ക്ഷയരോഗ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പോഷകാഹാരം, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഗൃഹസന്ദർശനങ്ങളിലൂടെയും സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ജോഷ് വോളണ്ടിയർമാരുടെ ലക്ഷ്യം. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടീം പ്രവർത്തിക്കും.


