വൈക്കത്ത് വർണവസന്തം വിതറി ബന്ദിപ്പൂ; നിറവ് പദ്ധതിയിൽ ഹൃദ്യ കർഷക കൂട്ടായ്മയ്ക്ക് വിളവെടുപ്പ് നടന്നു
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മ നടത്തിയ ബന്ദിപ്പൂ കൃഷിക്ക് വിളവെടുപ്പ് ആരംഭിച്ചു.
തോട്ടത്തിൽ ക്ഷേത്രത്തിന്റെ പരിസരത്ത് ഹൃദ്യ കർഷക കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജ ഓമനൻ, ഉഷ അനി, അംബിക മോഹനൻ, വത്സല, ജിഷ നിഷാദ് എന്നിവർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്.
വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, കൃഷി ഓഫീസർ രേഷ്മ ഗോപി, വാർഡ് മെമ്പർ ടിന്റു വിജയൻ, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രീജ എന്നിവർ സംസാരിച്ചു.
ഗ്രാമീണ വനിതകളുടെ കൂട്ടായ്മയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയിൽ പുതിയ വരുമാന സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ മാതൃകയായി ഹൃദ്യ കർഷക കൂട്ടായ്മയുടെ ബന്ദിപ്പൂ കൃഷി മാറുകയാണ്.





