വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം; സംഘാടകസമിതി രൂപീകരിച്ചു
വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ്എസ് ഹാളിൽ നടന്ന യോഗം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി. ദീപ വിഷയാവതരണം നടത്തി.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളെ രക്ഷാധികാരികളായും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായും ഉൾപ്പെടുത്തി. അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളെ കൺവീനർമാരാക്കി പതിനഞ്ചോളം സബ് കമ്മിറ്റികളും രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മായാത്മജൻ, വാർഡംഗം നിഷാ വി. നായർ, ബിആർസി കോ-ഓർഡിനേറ്റർ പി.ആർ. ശ്രീകുമാർ, തലയോലപ്പറമ്പ് എസ്എച്ച്ഒ എം.എസ്. മിഥുൻ, പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ ജി. ശ്രീരഞ്ജിത്ത്, പബ്ലിസിറ്റി കൺവീനർ കെ.എം. ഷെമീർ എന്നിവർ പ്രസംഗിച്ചു.


