വെള്ളത്തൂവലിൽ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും
അടിമാലി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ വീതം പിഴയും ശിക്ഷ. കൊന്നത്തടി മങ്കുവ ഒലിക്കാസിറ്റി ഭാഗത്തെ ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി മന്നാംകണ്ടം മുനിതണ്ട് ഭാഗത്തെ പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന ജയേഷ് (38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. എസ്. സീനയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവും അനുഭവിക്കണം.
2013 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ടുമണിയോടെ കുഞ്ചിത്തണ്ണി വില്ലേജിലെ വെള്ളത്തൂവൽ പൈപ്പ്‌ലൈൻ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കട്ടിലിൽ കിടന്നിരുന്ന സ്ത്രീയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അടിമാലി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. ജിനദേവന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. തുടർന്ന് കുറ്റപത്രം സമർപ്പിക്കുകയും കോടതി വിചാരണയ്ക്ക് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.





