തിരുനക്കരയിൽ താത്കാലിക കടകൾ തുറക്കാനാകാതെ 36 വ്യാപാരികൾ; നടപടി വൈകുന്നതിൽ പ്രതിഷേധം
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ നിർമിച്ച താത്കാലിക കടമുറികൾ തുറക്കാനാകാതെ 36 വ്യാപാരികൾ ദുരിതത്തിൽ. കടമുറികൾക്കായി ഓരോ വ്യാപാരിയും ഒരു ലക്ഷം രൂപയിലധികം മുടക്കിയിട്ടും നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
2025 ജൂൺ 17-നാണ് ബസ് സ്റ്റാൻഡിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താത്കാലിക കടമുറികൾ നിർമിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ഡിസംബറിൽ കാലാവധി അവസാനിക്കുന്നതുവരെ അന്നത്തെ ഭരണസമിതി കോടതി ഉത്തരവ് കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നില്ല.
തുടർന്ന് കൗൺസിലിന്റെ കാലാവധി കഴിഞ്ഞതോടെ സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിടനിർമാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ നിർമിക്കാൻ അനുമതി നൽകി. നിർമാണം പകുതിയായപ്പോൾ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച പ്ലാൻ പ്രകാരം നിർമിച്ച കെട്ടിടത്തിന്റെ പകുതി ഭാഗം ചെയർമാന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റുകയും പിന്നീട് ചെയർമാന്റെ നിർദേശപ്രകാരം തന്നെ വീണ്ടും നിർമിക്കുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.
ജനുവരിയിൽ ഒരുവർഷത്തേക്കാണ് കടമുറികൾ അനുവദിച്ചത്. എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും കടകൾ തുറക്കാൻ സാധിച്ചിട്ടില്ല. ഓരോ വ്യാപാരിക്കും അനുവദിച്ച കടമുറി, നമ്പർ, വാടക എന്നിവ സംബന്ധിച്ച് നഗരസഭ തീരുമാനമെടുത്തശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നാണ് ചെയർമാന്റെയും നഗരസഭാ ഭരണസമിതിയുടെയും നിർദേശം.
നിർമാണത്തിനായി വൻതുക മുടക്കിയിട്ടും കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി അനുമതി നൽകി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.





