ഒരു ലക്ഷം പേരുടെ പാർലമെന്റ് മാർച്ച്; സിപിഐ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കി
കോട്ടയം ബ്യൂറോ.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ബുക്കു ചെയ്ത ട്രെയിൻ സർവീസുകൾ റദ്ദാക്കി. സെപ്റ്റംബർ 1-നാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വൻ പ്രതിഷേധ പരിപാടി സി പി ഐ ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധം ഭയന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടിയെന്ന് സിപിഐ വൃത്തങ്ങൾ ആരോപിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം പ്രവർത്തകരെ ഡൽഹിയിലെത്തിക്കുന്നതിനായി പാർട്ടി ബുക്ക് ചെയ്തിരുന്ന ട്രെയിനുകളാണ് റെയിൽവേ അപ്രതീക്ഷിതമായി റദ്ദാക്കിയത്. പ്രത്യേകിച്ച് ഓഗസ്റ്റ് 29-ന് കേരളത്തിൽ നിന്ന് ഉൾപ്പെടെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ നടത്തിയിരുന്ന യാത്രാ ക്രമീകരണങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. സെപ്റ്റംബർ 1-ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് വൻ ജനപങ്കാളിത്തം ഉറപ്പാക്കാനായിരുന്നു സിപിഐയുടെ പദ്ധതി. റദ്ദാക്കലിന്റെ കാരണം സംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ന് വൈകിട്ട് ചേരുന്ന സിപിഐ ദ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിഷയത്തിൽ കൂടുതൽ വിശദമായ പ്രതികരണം ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.





