എഴുകുംവയലിൽ ഓണാരവം 2K26; നാടൊന്നാകെ ഓണാഘോഷത്തിന്
എഴുകുംവയൽ: സമൃദ്ധിയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശവുമായി എഴുകുംവയലിൽ ‘ഓണാരവം 2K26’ ഓണാഘോഷം സംഘടിപ്പിക്കുന്നു. ജാതിമത ഭേദമന്യേ നാടിന്റെ വിവിധ മേഖലകളിലുള്ളവർ ഒരുമിച്ചുചേരുന്ന ആഘോഷം ഓഗസ്റ്റ് 24ന് നടക്കും.
എഴുകുംവയൽ നിത്യസഹായമാതാ പള്ളിയങ്കണമാണ് പ്രധാന വേദി. എഴുകുംവയൽ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും വ്യക്തിഗത, ഗ്രൂപ്പ്, കുടുംബ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്പതികൾക്കും അമ്മയും കുഞ്ഞും പങ്കെടുക്കുന്ന പ്രത്യേക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന മാമാങ്ക വടംവലി മത്സരവും പ്രധാന ആകർഷണമാണ്.
ആഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഓണസദ്യയും പായസവും ഒരുക്കിയിട്ടുണ്ട്. നാടിന്റെ ഒരുമയും സൗഹാർദ്ദവും വിളിച്ചോതുന്ന ആഘോഷത്തിൽ വിവിധ മത-സാംസ്കാരിക നേതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വൈദികർ, വ്യാപാരികൾ, വിവിധ ക്ലബ് ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.





