പാതിവഴിയിൽ നിലച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ ഏലത്തിൻ്റെ ശരങ്ങൾ; മോഷണമെന്ന സംശയം
കട്ടപ്പന: വർഷങ്ങളായി നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ വൻതോതിൽ ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി. ഏകദേശം 350 കിലോയോളം ഏലശരങ്ങൾ ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രാഥമിക വിലയിരുത്തൽ. ഏലത്തോട്ടങ്ങളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനും ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിനുമായി നഗരസഭ നിർമിച്ച കെട്ടിടമാണ് വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കെട്ടിടത്തിലെ ടോയ്‌ലറ്റുകൾക്കുള്ളിൽ നിന്നാണ് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തിയത്.
ഏലക്കായകൾ പൂർണമായും പിഴുതെടുത്ത് മാറ്റിയശേഷം ശരങ്ങൾ മാത്രം ഇവിടെ കൂട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പുളിയന്മലയിലെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് ഏലശരങ്ങൾ കണ്ടെത്തിയത്.
ഏലശരങ്ങൾക്ക് സമീപത്തായി പായയും തലയിണയും ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളിൽ ആരെങ്കിലും കെട്ടിടത്തിനുള്ളിൽ തങ്ങുകയും മോഷ്ടിച്ച ഏലം ഇവിടെ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
അതേസമയം, കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റ് നഗരസഭ പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടിയിട്ട കെട്ടിടത്തിനുള്ളിൽ മോഷ്ടാക്കൾ എങ്ങനെ പ്രവേശിച്ചു എന്നതും അന്വേഷണത്തിലെ പ്രധാന ചോദ്യമായി തുടരുകയാണ്.
വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പോലീസ് എസ്.എച്ച്.ഒ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ ഏലശരങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സമീപപ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.





