25 വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി ഒത്തുചേർന്ന് പഴയ കൂട്ടുകാർ
ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ 2000–2001 SSLC ബാച്ച് പൂർവവിദ്യാർഥി സംഗമം നിനവ് 2026 എന്ന പേരിൽ സംഘടിപ്പിച്ചു
ഇരട്ടയാർ : ഒരേ ക്ലാസ് മുറിയിൽ സ്വപ്നങ്ങൾ പങ്കിട്ടവർ, 25 വർഷങ്ങൾക്കിപ്പുറം അതേ വിദ്യാലയത്തിന്റെ മുറ്റത്ത് വീണ്ടും കണ്ടുമുട്ടിയപ്പോൾ പിറന്നത് മറക്കാനാകാത്തൊരു വികാരനിമിഷം.
സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടിയാറിലെ SSLC 2000–2001 ബാച്ചിന്റെ ‘നിനവ് 2026 – ഓർമ്മകളിൽ ഒരിക്കൽ കൂടി’ എന്ന പൂർവ്വവിദ്യാർത്ഥി സംഗമമാണ് കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പഴയ സൗഹൃദങ്ങളെ വീണ്ടും ഒരുമിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ്‌സൺ പി. ജോസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. അഭിലാഷ് വി.എസ്. അധ്യക്ഷത വഹിച്ച സംഗമം സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ട്രഷറർ ആനന്ദ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മുഖ്യപ്രഭാഷണം നടത്തി. മുൻ സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ പതിപ്പള്ളിൽ, പൂർവ്വവിദ്യാർത്ഥി ഫാ. ലിജോ പുളിക്കൽ, പ്രോഗ്രാം കൺവീനർ വിബിൻ സെബാസ്റ്റ്യൻ, പ്രോഗ്രാം കമ്മിറ്റി അംഗം സീമാ കുര്യൻ ,സജേഷ് തന്ത്രി,ഫാ.സിനു മാക്കൽ, ഫാ.ജെയിംസ് വല്യപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്ലാസ് മുറികളിൽ നിന്ന് ജീവിതത്തിന്റെ വഴികളിലേക്ക്...
ഒരിക്കൽ ബെല്ലടിച്ചാൽ ക്ലാസ് മുറികളിലേക്ക് ഓടിയെത്തിയ ആ കുട്ടികൾ ഇന്ന് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലാണ്. ചിലർ കുടുംബജീവിതത്തിന്റെ തിരക്കുകളിൽ, ചിലർ വിവിധ ജോലികളിൽ, ചിലർ നാടിന്റെ വിവിധ ഭാഗങ്ങളിൽ.
എന്നാൽ പഴയ സ്കൂൾമുറ്റത്ത് വീണ്ടും ഒന്നിച്ചപ്പോൾ പദവികളും പ്രായവും ജീവിതത്തിന്റെ തിരക്കുകളും എല്ലാം അൽപ്പനേരത്തേക്ക് പിന്നിലേക്ക് മാറി. അവിടെ വീണ്ടും അവർ പഴയ കൂട്ടുകാർ മാത്രമായി.
പഴയ അധ്യാപകരെ കണ്ടപ്പോൾ ഓർമ്മകൾക്ക് വീണ്ടും നിറം പകർന്നു. പഴയ സംഭവങ്ങൾ ഓർത്തെടുത്തും തമാശകൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും നടന്ന സംഗമം പലരുടെയും മനസ്സിൽ ഗൃഹാതുരതയുടെ നനവുണർത്തി.
ചില കണ്ടുമുട്ടലുകൾ വെറും കൂടിക്കാഴ്ചകളല്ല... കാലത്തെ തിരികെ കൊണ്ടുവരുന്ന അനുഭവങ്ങളാണ്. ‘നിനവ് 2026’ അത്തരമൊരു അനുഭവമായി.
പഠിച്ച വിദ്യാലയത്തിന് സ്നേഹസമ്മാനം
സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ചതിനൊപ്പം പഠിച്ചിറങ്ങിയ വിദ്യാലയത്തോടുള്ള കടപ്പാടും ബാച്ച് മറന്നില്ല. സംഗമത്തിന്റെ ഭാഗമായി സ്കൂളിന് ഒരു സ്നേഹോപകാരവും സമ്മാനിച്ചു.
മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടന്നു. പ്രോഗ്രാം ജോയിന്റ് കൺവീനർ അജീഷ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.പരിപാടിയുടെ ഏകോപനത്തിനും വിവിധ പ്രവർത്തനങ്ങൾക്കും ജിൻസ് ജോർജ് വാതലൂർ നേതൃത്വം നൽകി.





