റോഡിൽ കിടന്ന രണ്ടര പവൻ സ്വർണമാല; ‘കണ്ണ് മഞ്ഞളിച്ചില്ല’, ഉടമയെ തേടി പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക
തലയോലപ്പറമ്പ്: റോഡിൽ കിടന്ന് ലഭിച്ച രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല സ്വന്തമാക്കാതെ പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക മാതൃകയായി. പാമ്പാടി മാടപ്പാട്ട് സ്വദേശിനിയും ഹൈക്കോടതി അഭിഭാഷകയുമായ ഐശ്വര്യ വി. ഗോപാലാണ് സത്യസന്ധതയുടെ മാതൃകയായത്.
തിരുവോണ ദിനമായ ബുധനാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ഒരു കൗൺസലിംഗ് പരിപാടിയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കടുത്തുരുത്തി ബൈപ്പാസിന് സമീപം റോഡരികിൽ കിടന്ന നിലയിലാണ് ഐശ്വര്യയ്ക്ക് സ്വർണമാല ലഭിച്ചത്.
മാല ലഭിച്ചതിന് പിന്നാലെ അത് കൈവശം സൂക്ഷിക്കാതെ യാത്ര തുടർന്ന ഐശ്വര്യ സമീപത്തുള്ള തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറുകയായിരുന്നു.
ഇതിനിടെ മാല നഷ്ടപ്പെട്ട വിവരം അറിയാതെ ഉടമയായ ബിസിനസുകാരൻ പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കടുത്തുരുത്തി ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം കാറിൽ കയറുന്നതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതെന്നാണ് പരാതി.
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സ്വർണമാല ലഭിച്ചതായി വിവരം ലഭിച്ചതോടെ ഉടമയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. തുടർന്ന് ഐശ്വര്യ കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 6.30ഓടെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വർണമാല യഥാർഥ ഉടമയായ അമലേക്ക് രാജേഷിന് കൈമാറി.
ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കൈയിൽ കിട്ടിയിട്ടും ഒരു നിമിഷം പോലും സ്വന്തമാക്കാനുള്ള ചിന്തയില്ലാതെ അത് ഉടമയ്ക്ക് തിരികെ ലഭിക്കാനുള്ള വഴിയൊരുക്കിയ ഐശ്വര്യയുടെ സത്യസന്ധതയ്ക്ക് കൈയടി നൽകുകയാണ് നാട്ടുകാർ.





