ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ടുപേർ മരിച്ചു

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ടുപേർ മരിച്ചു

കയ്പമംഗലം: നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം.

ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ കാറാണ് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗലിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.