സത്രം എയർസ്ട്രിപ്പ്: നിർമാണം പുനരാരംഭിക്കാൻ ധാരണ ; ആറര ഏക്കർ ഭൂമി ഉടൻ വിട്ടുനൽകും

സത്രം എയർസ്ട്രിപ്പ്: നിർമാണം പുനരാരംഭിക്കാൻ ധാരണ ; ആറര ഏക്കർ ഭൂമി ഉടൻ വിട്ടുനൽകും

ഇടുക്കി സത്രത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ നിർമിച്ചുവരുന്ന എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പിൽ നിന്ന് വിട്ടുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മൂന്ന് വർഷത്തിലേറെയായി നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയായിരുന്നു.

എൻസിസി എയർ വിങ് കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർസ്ട്രിപ്പ് ഒരുക്കുന്നത്. 800 മീറ്റർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, വാച്ച് ടവർ തുടങ്ങിയവയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 2022 ഡിസംബർ ഒന്നിന് വ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിംഗ് നടത്തിയിരുന്നു.

കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞതും സംരക്ഷണഭിത്തി നിർമിക്കുന്നതിനും എയർസ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിങ് നടത്തുന്നതിനും വനംവകുപ്പ് അനുമതി നൽകാതിരുന്നതുമാണ് നിർമാണം തടസപ്പെടാൻ കാരണമായത്. വിമാനമിറക്കുന്നതിന് തടസമായി നിൽക്കുന്ന മൺതിട്ട നീക്കം ചെയ്യുന്നതിനും ആവശ്യമായ ഭൂമി വിട്ടുനൽകേണ്ടതുണ്ട്.

പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പീരുമേട് എംഎൽഎ സിറിയക് തോമസിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി എൻസിസി സർക്കാരിന് 24 കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണ് പരിശോധന നടത്താൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

എയർസ്ട്രിപ്പിനോടനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിങ് സെന്ററും ആരംഭിക്കാനും എൻസിസി പദ്ധതിയിടുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4