കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. 15 ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണുള്ളത്. നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാർ ഒ.പി., അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ ഒരേസമയം സേവനം നടത്തേണ്ട സാഹചര്യമാണ്. അമിത ജോലിഭാരം ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ശുചീകരണ വിഭാഗങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ പ്രതിദിനം 500-ലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. രണ്ട് വാർഡുകളിലായി 70 കിടക്കകളുണ്ടെങ്കിലും ഒരു മാസമായി കിടത്തിച്ചികിത്സ നിലച്ചിരിക്കുകയാണ്.

മെഡിക്കൽ കോളേജുകളിൽ നിന്ന് അടിയന്തര ചികിത്സ നിർദേശിച്ചവരെ മാത്രമാണ് നിലവിൽ അഡ്മിറ്റ് ചെയ്യുന്നത്. മെഡിക്കൽ സൂപ്രണ്ടും സർജനും സ്ഥലം മാറിയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ശിശുരോഗ വിഭാഗവും പ്രവർത്തനരഹിതമാണ്. 2023ൽ വിവിധ വിഭാഗങ്ങളിലായി 1500-ലേറെ ശസ്ത്രക്രിയകൾ നടന്ന ആശുപത്രിയിൽ നിലവിൽ ഓർത്തോ വിഭാഗത്തിൽ മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നത്. അടുത്തിടെ നിയമിച്ച നാല് ഡോക്ടർമാർ രണ്ടുവർഷത്തെ പി.ജി പഠനാവധിയിൽ പ്രവേശിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.