25 വർഷമായി സൗജന്യ ഭക്ഷണ വിതരണം; നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിന് ആദരം
പീരുമേട്: 25 വർഷമായി പീരുമേട് താലൂക്ക് ആശുപത്രിയിലും ഉപ്പുതറ സർക്കാർ ആശുപത്രിയിലും മുടങ്ങാതെ സൗജന്യ പ്രഭാത-ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്ന നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിനെ ആദരിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഇൻഫന്റ് ജീസസ് കോൺഫറൻസ് ഏലപ്പാറയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ.
പീരുമേട് താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സെൽവരാജിന് മൊമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എബി സൂസൻ സെൽവരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോസ് ചെറുവിള അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനുമോൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സോണി ജോർജ്, ബിനു ജയ്പാൽ, എസ്. വിൻസെന്റ് എന്നിവർ സംസാരിച്ചു.
സൊസൈറ്റി യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കിടപ്പുരോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്താണ് പരിപാടി സമാപിച്ചത്.





