മൂന്നാറിൽ പട്ടാപ്പകൽ റോഡിലിറങ്ങി കടുവ; നാട്ടുകാരും തോട്ടം തൊഴിലാളികളും ആശങ്കയിൽ
മൂന്നാർ സൈലന്റ് വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപം പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം. ഇന്നലെ രാവിലെ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ് വാലി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കടുവയെ യാത്രാസംഘം കണ്ടത്.
റോഡിലൂടെ നടന്നെത്തിയ കടുവ വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. യാത്രാസംഘം കടുവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച സൈലന്റ് വാലി ഡിവിഷനിൽ കടുവ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. തുടർച്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും തോട്ടം തൊഴിലാളികളും കടുത്ത ആശങ്കയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.





