ലഹരിക്കെതിരെ കായിക ലഹരി; കൊച്ചിയിൽ മെഗാ മാരത്തോൺ
കൊച്ചി: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളെയും യുവാക്കളെയും കായികരംഗത്തേക്ക് ആകർഷിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള പോലീസ് മെഗാ മാരത്തോൺ സംഘടിപ്പിച്ചു.
47-ാമത് കേരള പോലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി ‘Yes to Sports, No to Drugs’ എന്ന സന്ദേശമുയർത്തി കൊച്ചി സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലൂടെ ദീപശിഖയുമായി സഞ്ചരിക്കുന്ന മാരത്തോൺ സെപ്റ്റംബർ ആറിന് വൈകിട്ട് ഏഴോടെ കളമശേരി ഡെക്കാത്തലോൺ ഭാഗത്തെത്തി. തുടർന്ന് കൊച്ചി സിറ്റിക്ക് വേണ്ടി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി. സൈക്കിൾ റാലിയുടെ അകമ്പടിയോടെ ദീപശിഖ കലൂർ സ്റ്റേഡിയത്തിന് മുന്നിലെത്തി.
ഇതിനോടനുബന്ധിച്ച് വൈകിട്ട് ആറോടെ എഡിജിപി & എൽ ആൻഡ് ഒ പി. വിജയൻ ഐപിഎസിന്റെയും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസിന്റെയും നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിന് ചുറ്റും മെഗാ ലഹരിവിരുദ്ധ മാരത്തോണും നടന്നു.
തുടർന്ന് ലഹരിക്കെതിരെ വിവിധ കലാ-കായിക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോഷി എം. ജോൺ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശങ്കർ മുഖ്യാതിഥിയായി.
എംഎൽഎമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, കൊച്ചി മേയർ വി.കെ. മിനിമോൾ, എഡിജിപി & എൽ ആൻഡ് ഒ പി. വിജയൻ ഐപിഎസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ അരുൺ കെ. പവിത്രൻ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ്, ചന്ദ്രൻ എ.പി. തുടങ്ങിയവർ പങ്കെടുത്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കായികരംഗത്തേക്ക് ആകർഷിച്ച് കായികത്തെ ജീവിതത്തിന്റെ ഭാഗമാക്കാനും ലഹരിയിൽനിന്ന് അകന്നുനിൽക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു പരിപാടി.





