പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും നിക്ഷേപിച്ചാൽ 5,000 രൂപ പിഴ
ശബരിമല:മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പമ്പാ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. നദിയിലും കൈവഴികളിലും സ്നാനഘട്ടങ്ങളിലും തീരങ്ങളിലും ഉപയോഗിച്ച വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഖര-ജൈവ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നവർക്ക് 5,000 രൂപ വരെ തത്സമയ പിഴ ചുമത്താൻ ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു.
നവംബർ 22 മുതൽ രണ്ടുമാസത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പൊലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരിശോധന നടത്താനും പിഴ ഈടാക്കാനുമുള്ള ചുമതല.
പിഴത്തുക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള തുടർനിയമനടപടികൾ സ്വീകരിക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ്, കേരള പഞ്ചായത്ത് രാജ് നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഈടാക്കുന്ന പിഴ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിക്ഷേപിച്ച് ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കും.
നിയന്ത്രണങ്ങളെക്കുറിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിന് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ വിവിധ ഭാഷകളിലുള്ള അറിയിപ്പുകളും പ്രദർശന ബോർഡുകളും സ്ഥാപിക്കും. ഉപയോഗിച്ച വസ്ത്രങ്ങൾ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിലും മറ്റ് മാലിന്യങ്ങൾ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിലും നിക്ഷേപിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ലക്ഷക്കണക്കിന് തീർഥാടകരും പ്രദേശവാസികളും ആശ്രയിക്കുന്ന പമ്പാ നദിയുടെ ജലശുദ്ധി സംരക്ഷിക്കുന്നതിനും മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി.


