ശബരിമലയിലെ പ്രവർത്തനങ്ങളിൽ സംതൃപ്തി; വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി
ശബരിമല: സമയപരിമിതിക്കുള്ളിൽ സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ സന്നിധാനത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ച് നിയമസഭാ പരിസ്ഥിതി സമിതി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ സമിതി കണ്ടെത്തലുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് അറിയിച്ചു.
ചെയർപേഴ്സൺ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അംഗങ്ങളായ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവരടങ്ങിയ സമിതിയാണ് ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി വിവിധ സൗകര്യങ്ങൾ വിലയിരുത്തിയത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയ്ക്ക് മലയാളികളുടെ വൈകാരിക ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്നും ഇവിടുത്തെ ഓരോ പ്രവർത്തനവും അതീവ സൂക്ഷ്മതയോടെ നടപ്പാക്കേണ്ടതുണ്ടെന്നും സമിതി വിലയിരുത്തി. ഭക്തർക്കായി ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ സമിതി, കോടിക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ ഒരാൾക്കുപോലും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
ശബരിമലയുടെ വികസനവും സംരക്ഷണവും രാഷ്ട്രീയ-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാ മലയാളികളുടെയും കൂട്ടുത്തരവാദിത്വമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വർഷം മുഴുവൻ സർക്കാരിന്റെ ശ്രദ്ധ ശബരിമലയിൽ ഉണ്ടാകണമെന്നും സന്നിധാനത്തെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്നും സമിതി വിലയിരുത്തി. അതേസമയം, ജീവനക്കാരുടെ താമസസൗകര്യങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്നും ഇക്കാര്യം സർക്കാരിന് ശുപാർശ ചെയ്യുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് പറഞ്ഞു.
മണ്ഡലകാലം മുന്നിൽക്കണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണവും റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സമിതി വ്യക്തമാക്കി.
പവർ ലോൺട്രി, സ്റ്റാഫ് ക്വാർട്ടേഴ്സ്, ദിവസവേതന തൊഴിലാളികളുടെ താമസസ്ഥലം, ഭസ്മക്കുളം, അരവണ നിർമാണ കേന്ദ്രം എന്നിവ സമിതി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. കണ്ടെത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ അടിയന്തര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അംഗങ്ങൾ അറിയിച്ചു.
സന്നിധാനത്ത് തങ്ങിയ ശേഷം മലയിറങ്ങി പമ്പയിൽ അവലോകനയോഗം ചേരുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.


