വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ തട്ടിപ്പ്; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ചങ്ങനാശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായത്.
ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിൽ വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിസയും ജോലിയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെ വിവിധ ഘട്ടങ്ങളിലായി ഒന്നാം പ്രതി നേരിട്ടും മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് കേസ്. പണം വാങ്ങിയ ശേഷം ജോലി നൽകുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി.
കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ അവധിക്കെത്തിയ ജെൻസൺ അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എൽഒസി പ്രകാരം പിടിയിലായത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഇയാളെ അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തു.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്., എസ്എച്ച്ഒ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, എസ്സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.





