കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് ആരോപണം

ഒരു വയസുകാരിയുടെ ശരീരത്തിൽ കുടുങ്ങിയ ഇഞ്ചക്ഷൻ സൂചി ശസ്ത്രക്രിയയിലൂടെ നീക്കി

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് ആരോപണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്ഷൻ സൂചി കുടുങ്ങിയതായി ആരോപിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പരാതി നൽകി. കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷത്തോളം സൂചി കുടുങ്ങിക്കിടന്നുവെന്നാണ് മാതാപിതാക്കളായ അഞ്ജുവിന്റെയും വിനീഷിന്റെയും ആരോപണം.

കഴിഞ്ഞ വർഷം ജൂണിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. പ്രസവശേഷം പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയ്ക്കിടെ സൂചി ശരീരത്തിൽ തറച്ചുകയറിയതായാണ് മാതാപിതാക്കളുടെ പരാതി.

തുടർന്ന് കുഞ്ഞിന് ശരീരത്തിൽ തടിപ്പും കടുത്ത വേദനയും വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. ഇതേതുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പരിശോധന നടത്തിയെങ്കിലും സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വീട്ടിലേക്ക് തിരിച്ചയച്ചെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം തടിപ്പ് കൂടുതൽ വലുതായതിനെ തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വാരിയെല്ലിന്റെ ഭാഗത്ത് ഇഞ്ചക്ഷൻ സൂചി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പൊലീസിനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കാനിങ്ങിൽ സൂചി കണ്ടെത്താതെ പോയത് എങ്ങനെയെന്നും ചികിത്സയ്ക്കിടെ സൂചി ശരീരത്തിൽ കുടുങ്ങിയതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും. ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണ റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4