പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം; മലങ്കര ടൂറിസം വികസനം പിപിപി മാതൃകയിൽ നടപ്പാക്കണമെന്ന് ആവശ്യം
തൊടുപുഴ: വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മലങ്കര ജലാശയ മേഖലയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ വിവിധ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയാൽ മലങ്കരയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
2019 നവംബർ രണ്ടിന് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കുട്ടികളുടെ പാർക്ക് മാത്രമാണ് പ്രവർത്തനസജ്ജമായത്. വർഷങ്ങൾ പിന്നിട്ടിട്ടും മറ്റ് വികസന പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയില്ല. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് വിവിധ പദ്ധതികൾക്ക് തടസ്സമാകുന്നതെന്നാണ് ആക്ഷേപം. നിരവധി വികസന പദ്ധതികളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സോളാർ ബോട്ട്, കുട്ടവഞ്ചി, ഹെറിറ്റേജ് ഹോട്ടൽ, ബഗ്ഗി കാർ, കുതിരസവാരി, റോപ് വേ തുടങ്ങിയ പദ്ധതികൾ മലങ്കരയിൽ ആരംഭിക്കാനാകുമെന്നാണ് നിർദേശം. ബോട്ട് സർവീസിനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബോട്ടുജെട്ടിയും ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഫുഡ് ക്രാഫ്റ്റ് സ്ഥാപനവും മലങ്കര ഹബ്ബിൽ വികസന പദ്ധതികൾക്കായി നൽകിയ നിർദേശങ്ങൾ നടപ്പായില്ലെന്നും ആരോപണമുണ്ട്.
116 കോടിയുടെ മലങ്കര ടൂറിസം വികസന പദ്ധതിയും, കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 102 കോടിയുടെ വികസന പദ്ധതിയും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ പിന്നീട് യാഥാർഥ്യമാകാതെ പോയി. ആദ്യഘട്ടത്തിൽ അനുവദിച്ച നാല് കോടിക്ക് പിന്നാലെ 26 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല.
വാഗമൺ, ഇടുക്കി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ സഞ്ചാരികൾക്ക് ഇടത്താവളമാക്കാൻ മലങ്കരയ്ക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. മലങ്കര ടൂറിസം പദ്ധതിയുടെ ജനറൽ കൗൺസിൽ യോഗം വർഷങ്ങളായി ചേർന്നിട്ടില്ലെന്നും യോഗം അടിയന്തരമായി വിളിച്ചുചേർത്ത് വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്നും ആവശ്യമുണ്ട്. എം.എ. ഷബീർ, സുജി പുളിക്കൽ, അജയൻ താന്നിക്കാമറ്റം എന്നിവർ പിപിപി പദ്ധതിക്ക് അനുമതി നൽകണമെന്നും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.





