പേരുമാറ്റത്തിന് സർക്കാർ ഓഫീസുകളിൽ പാഴ്ചെലവ് വേണ്ട; നിലവിലുള്ള രേഖകൾ തിരുത്തി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിലെ നിലവിലുള്ള രേഖകളും അച്ചടിച്ച സാമഗ്രികളും മാറ്റുന്നതിനായി പാഴ്ചെലവ് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ഇതുസംബന്ധിച്ച് സർക്കാർ ഓഫീസുകൾക്ക് സർക്കുലർ പുറത്തിറക്കി.
നിലവിലുള്ള പേപ്പറുകളും ഫയലുകളും ലെറ്റർഹെഡുകളും കവറുകളും ഫോമുകളും രജിസ്റ്ററുകളും പ്രസിദ്ധീകരണങ്ങളും മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. സ്റ്റോക്ക് പൂർണമായും തീരുന്നതുവരെ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തി ഉപയോഗിക്കണം.
ഇംഗ്ലീഷിൽ “M” എന്നും മലയാളത്തിൽ ആവശ്യമായ അക്ഷരവും മഷി ഉപയോഗിച്ച് ചേർത്ത് നിലവിലുള്ള രേഖകൾ ഉപയോഗിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പേര് മാറിയതിന്റെ പേരിൽ മാത്രം പുതിയ രേഖകൾ അച്ചടിക്കേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.
ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും ഉടൻ മാറ്റി സ്ഥാപിക്കേണ്ടതില്ല. നിലവിലുള്ളവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാം. പേരുമാറ്റത്തിനായി മാത്രം സർക്കാർ പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവയും സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാം. അടിയന്തരമായി പുതിയ മുദ്രകൾ തയ്യാറാക്കുന്നതിന് പകരം, ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.





