പൂക്കളത്തിന് ‘പൊന്നുംവില’; ഓണക്കാലത്ത് പൂക്കളുടെ വില കുതിക്കുന്നു
പൂക്കളമില്ലാതെ മലയാളിക്ക് എന്ത് ഓണക്കാലം! നാടെങ്ങും ഓണാഘോഷങ്ങൾക്ക് തുടക്കമായതോടെ പൂക്കളുടെ വിലയും കുതിച്ചുയരുകയാണ്. പൂക്കളമൊരുക്കാൻ വിപണിയിലെത്തുന്നവർക്ക് ഇത്തവണ വില കേട്ട് അമ്പരക്കേണ്ടിവരും.
തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. വിവിധ പൂക്കൾക്ക് കിലോയ്ക്ക് 100 രൂപ മുതൽ 1600 രൂപ വരെയാണ് നിലവിലെ വില. സ്കൂൾ, കോളജ്, സർക്കാർ-അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം സജീവമായതോടെ പൂക്കൾക്ക് ആവശ്യകതയും വർധിച്ചിട്ടുണ്ട്.
പൂക്കളുടെ രാജാവായ മുല്ലപ്പൂവിനാണ് ഇത്തവണ ഏറ്റവും ഉയർന്ന വില. കിലോയ്ക്ക് 1500 മുതൽ 1600 രൂപ വരെയാണ് വില. വില കുതിച്ചതോടെ മുല്ലപ്പൂവ് ഇപ്പോൾ കിലോ കണക്കിന് പകരം മുഴം കണക്കിലാണ് വിൽക്കുന്നത്. ഒരു മുഴത്തിന് 40 മുതൽ 60 രൂപ വരെയാണ് വില.
അരളിക്കും ജമന്തിക്കും കിലോയ്ക്ക് 450 രൂപ മുതലാണ് വില. ചെമ്പങ്കി 250 രൂപ, റോസ് 380 രൂപ, ചെത്തി, ബന്തി, കോളി, വാടാമുല്ല എന്നിവയ്ക്ക് 200 രൂപ വീതവും വിലയുണ്ട്. തുളസിക്ക് കിലോയ്ക്ക് 100 രൂപ വരെയാണ് നിലവിലെ നിരക്ക്.
കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടിൽ പൂക്കളുടെ ലഭ്യത കുറഞ്ഞതും ഗതാഗതച്ചെലവിലെ വർധനയും ഓണക്കാലത്തെ അധിക ആവശ്യകതയുമാണ് വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. തിരുവോണം അടുക്കുന്നതോടെ മൊത്തവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.
വില എത്ര ഉയർന്നാലും പൂക്കളം ഒഴിവാക്കാൻ മലയാളി തയ്യാറല്ല. ഓണസദ്യ പോലെ തന്നെ മലയാളിയുടെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് പൂക്കളം. പൊന്നുംവില കൊടുത്താണെങ്കിലും പൂക്കൾ വാങ്ങി മുറ്റത്ത് പൂക്കളം തീർക്കാൻ മലയാളി തയ്യാറാകുമെന്നതിനാൽ തിരുവോണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങൾ വൻതോതിൽ പൂക്കൾ ശേഖരിച്ചു തുടങ്ങി.





