സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യത. ഓഗസ്റ്റ് 27 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ പ്രധാന കാരണം. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ പരമാവധി 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
തീരദേശ മേഖലയിൽ ജാഗ്രത
കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും തീരശോഷണ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.





