ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ഇന്ന്

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ഇന്ന്

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രട്ടാതി നാളിൽ ക്ഷേത്രാചാരങ്ങളോടെ നടത്തുന്ന ചരിത്രപ്രസിദ്ധമായ ഊരുചുറ്റ് വള്ളംകളി ഇന്ന് നടക്കും. ഓണനാളുകൾക്ക് പിന്നാലെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഊരുചുറ്റ് വള്ളംകളി നടത്തുന്നത്. ഈ ദിവസം കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമമന്വേഷിച്ച് ഊരുചുറ്റാനിറങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം.

മത്സരം എന്നതിലുപരി തികഞ്ഞ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വള്ളംകളി നടക്കുന്നത്. രാവിലെ ദേവീചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് ക്ഷേത്രനടയിൽ നിന്ന് അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തിക്കും. തുടർന്ന് ചുരുളൻ വള്ളത്തിലാണ് ഊരുചുറ്റൽ ആരംഭിക്കുന്നത്.

ക്ഷേത്രത്തിന്റെ ആറാട്ടുകടവിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര രാത്രിയോടെ ക്ഷേത്രക്കടവിൽ തിരിച്ചെത്തും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ കരക്കാർ പറകളൊരുക്കി സ്വീകരണം നൽകും. ഓടിവള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഊരുചുറ്റലിന് അകമ്പടിയേകും.

കുമാരനല്ലൂർ, നടുഭാഗം, കിഴക്കുംഭാഗം, ഗാന്ധിനഗർ, നട്ടാശേരി എന്നീ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് അകമ്പടി സേവനം. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേ നട്ടാശേരി വഴി സൂര്യകാലടിമനയിലെത്തുന്ന ഘോഷയാത്ര തുടർന്ന് ഇടത്തിൽ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി സഞ്ചരിച്ച് വൈകുന്നേരത്തോടെ ആറാട്ടുകടവിൽ തിരിച്ചെത്തും.

തുടർന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തിച്ച് സിംഹവാഹനം തിരികെ ഏൽപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4