രമ്യ ഹരിദാസ് എംഎൽഎയെ ആക്രമിച്ചതായി പരാതി; ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിൽ സംഘർഷം
തിരുവനന്തപുരം ബ്യൂറോ.
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതായി റിപ്പോർട്ട്. ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെ പ്രാദേശിക കോൺഗ്രസ് നേതാവും സംഘവും ആക്രമിച്ചതായി എംഎൽഎ പരാതി നൽകി.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. ഒരു വീട്ടിൽ നടന്ന യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. എംഎൽഎയുടെ പി.എ യോഗത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്താണ് തർക്കം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
തന്നെ ജില്ലാ പഞ്ചായത്ത് അംഗം സജാദ് മുട്ടപ്പലവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. സംഭവത്തെ തുടർന്ന് രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, രമ്യ ഹരിദാസിനും അവരുടെ പി.എയ്ക്കുമെതിരെ പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് മുട്ടപ്പലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട് കയറി ആക്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചിറയിൻകീഴിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ തർക്കം കൂടുതൽ ചർച്ചയായിരിക്കുകയാണ്. ഇരു വിഭാഗങ്ങളുടെയും പരാതികളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.





