നിർമല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം
മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നിർമല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അക്കാദമിക് വർഷത്തെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.
എല്ലാവർക്കും വ്യക്തമായ ജീവിതലക്ഷ്യം ഉണ്ടായിരിക്കണമെന്നും അത് നേടിയെടുക്കുന്നതിനായി അച്ചടക്കം, കഠിനാധ്വാനം, നിശ്ചയദാർഢ്യം എന്നിവയോടെ നിരന്തരം പരിശ്രമിക്കണമെന്നും സാബു മാത്യു പറഞ്ഞു.
കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആശീർവാദ പ്രസംഗം നടത്തി. രൂപതാ വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായി.
വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നിർമല കോളജിലെ ത്രിപുരയിൽ നിന്നുള്ള വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
നിർമല കോളജ് ഓട്ടോണമസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെസ്റ്റിൻ കണ്ണാടൻ, കോളജ് ബർസാറും സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററുമായ ഫാ. പോൾ കളത്തൂർ, നിർമല സിവിൽ സർവീസ് അക്കാദമി ബോർഡ് അംഗം ഡോ. കെ.വി. തോമസ്, വിദ്യാർഥി പ്രതിനിധികളായ ലോയ്ഡ് ഫെബിൻ, ആൻ മരിയ ബെന്നി, രക്ഷാകർതൃ പ്രതിനിധി പ്രസീത ഷിബു എന്നിവർ പ്രസംഗിച്ചു.





