ബസ് ചാർജ് വർധിപ്പിക്കണം; സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്
കൊച്ചി: സ്വകാര്യ ബസ് മേഖലയിലെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ പ്രിയദർശിനി വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവുമായി ബസുടമകൾ വീണ്ടും സമരത്തിലേക്ക്. ബസ് ചാർജും വിദ്യാർഥികളുടെ കൺസെഷനും വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് ബസുടമകളുടെ തീരുമാനം.
കെഎസ്ആർടിസിയിൽ നടപ്പാക്കിയതിനു സമാനമായി സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്നും ഇതിനായി കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ബസുടമകൾ വിദഗ്ധ സമിതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. പകരം സ്വകാര്യ ബസുകൾ കെഎസ്ആർടിസിക്ക് വാടകയ്ക്ക് നൽകണമെന്നാണ് സമിതിയുടെ ശുപാർശ.
2022ലാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് അവസാനമായി വർധിപ്പിച്ചത്. അതിനുശേഷം നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് ബസുടമകളുടെ വാദം. എന്നാൽ ഇത്തരമൊരു ആവശ്യം സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ മറുപടി.
വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കുറഞ്ഞ കൺസെഷൻ നിരക്ക് 5 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
അതേസമയം, വിദഗ്ധ സമിതി നിർദേശിക്കുന്നതുപോലെ യാത്രാ ഫ്യൂവൽസ് പമ്പുകളിൽ നിന്ന് ഡീസൽ നിറയ്ക്കുന്നത് അപ്രായോഗികമാണെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. സ്റ്റേജ് കാര്യേജ് ബസുകൾക്ക് മാത്രമായി ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്.





