അരുവിത്തുറ വോളി : പുരുഷ-വനിതാ മത്സരങ്ങൾക്ക് തുടക്കമായി
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. പുരുഷ വിഭാഗം മത്സരങ്ങൾ മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം കിഷോർ കുമാറും വനിതാ വിഭാഗം മത്സരങ്ങൾ പാലാ നഗരസഭ മുൻ ചെയർപേഴ്സൺ മായ രാഹുലും ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി എന്നിവർ സംസാരിച്ചു.
ഉദ്ഘാടന മത്സരത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, ആതിഥേയരായ അരുവിത്തുറ സെന്റ് ജോർജസ് കോളേജ് എ ടീമിനെ നേരിട്ടു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളേജ് വിജയിച്ചു. സ്കോർ: 22–25, 25–12, 25–15, 25–19.
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്.എൻ.ജി. കോളേജ് ചേളന്നൂർ കോഴിക്കോട്, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്.എച്ച്. കോളേജ് തേവര, സി.എം.എസ്. കോളേജ് കോട്ടയം എന്നിവയ്ക്കൊപ്പം സെന്റ് ജോർജസ് കോളേജിന്റെ എ, ബി ടീമുകളും പുരുഷ വിഭാഗത്തിൽ മാറ്റുരയ്ക്കും.
വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നിവയാണ് പങ്കെടുക്കുന്നത്.





