ലഹരി ശൃംഖലയുടെ വേരറുക്കും; നൂതന അന്വേഷണ രീതികളുമായി പോലീസ്

ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരിയിൽ നടന്നു

ലഹരി ശൃംഖലയുടെ വേരറുക്കും; നൂതന അന്വേഷണ രീതികളുമായി പോലീസ്

ഇടുക്കി: നൂതന അന്വേഷണ രീതികൾ ഉപയോഗിച്ച് ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായ ‘തൂഫാൻ ജാഗരണം’ ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

രാസലഹരിയാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ലഹരി വിതരണക്കാർ കുട്ടികളുടെ ഭാഷയും സൗഹൃദവലയങ്ങളും താൽപര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ പോലീസിന്റെ അന്വേഷണ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയാണ്. ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി പോലീസ് ഡോഗ് സ്ക്വാഡിന് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ലഹരി വ്യാപനത്തിന്റെ നൂതന വഴികൾ തടയുന്നതിനുള്ള സംവിധാനങ്ങളും ആവിഷ്കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ നിയമപ്രശ്നമോ അല്ലെന്നും സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസിനൊപ്പം ഓരോ കുടുംബവും വ്യക്തിയും പങ്കാളികളാകണം.

Slide 1
Slide 2
Slide 3
Slide 4

തൂഫാൻ ജാഗരണം വഴി ലഹരി സൃഷ്ടിക്കുന്ന ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലെത്തിച്ച് അവരെ ലഹരിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങളിലും സ്കൂളുകളിലും കോളജുകളിലും ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചതായും മന്ത്രിമാരുമായും മുഖ്യമന്ത്രിമാരുമായും ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ നേരിട്ട് കണ്ടു. ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുമായും ഉടൻ കൂടിക്കാഴ്ച നടത്തും. അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ലഹരി കേസുകളിലെ പ്രതികളെ പിടികൂടാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

പാലക്കാട്, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ 662 കേസുകൾ

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ 662 കേസുകൾ രജിസ്റ്റർ ചെയ്തു. 717 പേരെ പ്രതികളാക്കി. 39.28 കിലോഗ്രാം കഞ്ചാവ്, 30.912 ഗ്രാം എം.ഡി.എം.എ, 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 135 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.

സംസ്ഥാനത്താകെ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് 10,748 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏകദേശം 170 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമയായ 170-ഓളം പേരെ പോലീസ് ചികിത്സയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കും

ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ള 51 വില്ലേജുകൾ 28 വില്ലേജുകളായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വനമേഖലയിൽ മാത്രമായി ഇ.എസ്.എ പരിമിതപ്പെടുത്തും. ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിർമ്മാണ നിരോധന പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടുക്കി സന്ദർശിക്കും. ഇടുക്കിയുടെ അതിജീവനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമയോചിതമായ ഇടപെടലിലൂടെ വയോധികനെ ആത്മഹത്യയിൽ നിന്ന് തടഞ്ഞ ഇടുക്കി സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിബിൻ ടി.ബിയെ മന്ത്രി ആദരിച്ചു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച റോയ് കെ. പൗലോസ് എം.എൽ.എ, ജനങ്ങൾ നെഞ്ചിലേറ്റിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്ന് പറഞ്ഞു. ലഹരിയുടെ ഉറവിടം തേടിയാണ് ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും ലഹരിക്കെതിരായ കൊടുങ്കാറ്റായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ശക്തമായ കർമപരിപാടിയാണ് ഓപ്പറേഷൻ തൂഫാനെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകളിലേക്കും അന്വേഷണം എത്തുന്നത് പദ്ധതിയുടെ ശക്തി വ്യക്തമാക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, മുൻ എം.എൽ.എ ഇ.എം. അഗസ്തി, കോളജ് പ്രിൻസിപ്പൽ പ്രൊഫ. സിജോ പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് മന്ത്രി തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു. ചടങ്ങിനു മുന്നോടിയായി മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. രാജകുമാരി സെൻട്രൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രയർ ഡാൻസും അരങ്ങേറി.