കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി; മാതൃകയായി യുവതിയും അമ്മയും
തൊടുപുഴ: നഗരത്തിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ നൽകി യുവതിയും അമ്മയും. തെന്നത്തൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ അഞ്ജന അനിൽകുമാറിനാണ് ഇന്നലെ രാവിലെ കാഞ്ഞിരമറ്റം ബൈപാസിൽനിന്ന് സ്വർണമാലയും ഏലസും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലഭിച്ചത്.
ആഭരണങ്ങൾ ലഭിച്ച ഉടൻ കാഡ്സിന്റെ വിത്ത് ബാങ്കിൽ ജോലി ചെയ്യുന്ന അമ്മ പ്രിയയെ അഞ്ജന വിവരമറിയിച്ചു. തുടർന്ന് ഇരുവരും ആഭരണങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു.
അന്വേഷണത്തിനിടെ ഏതാനും മണിക്കൂറുകൾക്കകം ഉടമ സ്റ്റേഷനിലെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് എസ്‌എച്ച്‌ഒ മനേഷ് പൗലോസിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മുതലക്കോടം സ്വദേശി അനിലിന് അഞ്ജന കൈമാറി.
കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച അഞ്ജനയുടെയും അമ്മ പ്രിയയുടെയും സത്യസന്ധതയ്ക്ക് പൊലീസ് അഭിനന്ദനം അറിയിച്ചു.





