ഇ.എസ്.എ വിഷയത്തിൽ എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുന്നു: ഡീൻ കുര്യാക്കോസ് എം പി

ഇ.എസ്.എ വിഷയത്തിൽ എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുന്നു: ഡീൻ കുര്യാക്കോസ് എം പി

തൊടുപുഴ: ഇ.എസ്.എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. 2014ൽ ആദ്യ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വന്നതിന് ശേഷം പത്ത് വർഷം അധികാരത്തിലിരുന്ന എൽ.ഡി.എഫ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടിയെടുത്തില്ലെന്നും 2024 നവംബറിലാണ് ഭേദഗതി നിർദേശിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയായി നിർദേശിച്ചപ്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിയിരുന്നു. പിന്നീട് അഞ്ച് കരട് വിജ്ഞാപനങ്ങൾ വന്നിട്ടും ആവശ്യമായ ഭേദഗതികളും അനുബന്ധ രേഖകളും സമർപ്പിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ലെന്നും എം.പി ആരോപിച്ചു.

എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ നയം. കേരളത്തിനായുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാതെ പോയത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിൽ നേരത്തെ ഇ.എസ്.എ പരിധിയിലുണ്ടായിരുന്ന 23 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസംഘവുമായി ജൂലൈ 15ന് മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തിയതായും കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം മറുപടി തയാറാക്കിവരികയാണെന്നും എം.പി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ ഇന്ന് സമഗ്ര സുരക്ഷാ പരിശോധന നടക്കുമെന്നും സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. നേര്യമംഗലം–അടിമാലി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സംസ്ഥാന പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4