നടുറോഡിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം; മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
എറണാകുളം ബ്യൂറോ
കൊച്ചി: എറണാകുളം നോർത്ത് ടൗൺഹാളിന് മുന്നിൽ നടുറോഡിൽ ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 28ന് രാത്രി 7.45ഓടെയായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് KL-43-L-6677 നമ്പർ ‘സജിമോൻ’ സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഇടിച്ചുകയറാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദേശപ്രകാരം സെൻട്രൽ സി.ഐ അനീഷ് ജോയിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ സർജ്ജു, രാജേഷ് ചെല്ലപ്പൻ, സി.പി.ഒമാരായ മനീഷ് പി.എം, വിപിൻദാസ് സി.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.





