കള്ളുഷാപ്പുകളിൽ ഭക്ഷണം വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം

കള്ളുഷാപ്പുകളിൽ ഭക്ഷണം വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (FSSAI) ലൈസൻസിന് പുറമെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയും ഷാപ്പുകൾ നേടണം.

കള്ളുഷാപ്പുകളിലെ അനധികൃതവും വൃത്തിഹീനവുമായ ഭക്ഷണവിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് നടപടി. എക്സൈസ് വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ ശുദ്ധി’ പരിശോധനയുടെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ജൂണിൽ കോട്ടയത്തെ കള്ളുഷാപ്പിൽനിന്ന് മീൻകറി കഴിച്ച കുമരകം സ്വദേശി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കുന്നത്.

നിയമലംഘനം നടത്തുന്ന ഷാപ്പുകൾക്കെതിരെ അബ്കാരി നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. അനധികൃത ഭക്ഷണവിൽപ്പനയ്ക്ക് ഒത്താശ ചെയ്യുകയോ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4