നീലക്കുറിഞ്ഞി : ചൊക്രമുടിയിൽ കർശന നിയന്ത്രണം

മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു

നീലക്കുറിഞ്ഞി : ചൊക്രമുടിയിൽ കർശന നിയന്ത്രണം

മൂന്നാർ: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana) കാണാൻ ഇടുക്കി മൂന്നാറിലെ ചൊക്രമുടി മലനിരകൾ സഞ്ചാരികൾക്കായി തുറന്നതിന് പിന്നാലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.

മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു. പാസ് ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികളോടെയാണ് ഇനി പ്രവേശനം അനുവദിക്കുക.

നീലക്കുറിഞ്ഞി പൂത്തതിനെ തുടർന്ന് ഓഗസ്റ്റ് 24നാണ് വനംവകുപ്പ് ചൊക്രമുടി മലനിരകൾ സന്ദർശകർക്കായി തുറന്നത്. എന്നാൽ തുടർന്ന് നിരവധി ഓഫ്-റോഡ് വാഹനങ്ങൾ റവന്യൂ ഭൂമിയിലേക്ക് പ്രവേശിക്കുകയും പാസ് എടുക്കാതെയും സഞ്ചാരികൾ എത്തുകയും ചെയ്തതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.

1957ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ സെക്ഷൻ 7, 12 പ്രകാരം അനധികൃത പ്രവേശനം ശിക്ഷാർഹമായ കുറ്റമാണെന്ന് ബൈസൺവാലി വില്ലേജ് ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കി. റവന്യൂ ഭൂമിയിലൂടെയുള്ള എല്ലാ അനധികൃത പ്രവേശനവും ഇതോടെ നിരോധിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ സഞ്ചാരവും ഓഫ്-റോഡ് പ്രവർത്തനങ്ങളും മലനിരകളിലെ നീലക്കുറിഞ്ഞി ചെടികൾക്ക് ഗുരുതരമായ നാശം വരുത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർവേ നമ്പർ 36ൽ ഉൾപ്പെടുന്ന പ്രദേശം 2025ൽ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാർ ഭൂമിയാക്കിയിരുന്നു. ഈ പ്രദേശത്തും സമീപ മലനിരകളിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

സമുദ്രനിരപ്പിൽനിന്ന് 2,195 മീറ്റർ ഉയരത്തിൽ, ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ചിനുള്ളിലെ ബൈസൺവാലി പഞ്ചായത്ത് അതിർത്തിയിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അഭയ് യാദവ് ഓഗസ്റ്റ് 24ന് നീലക്കുറിഞ്ഞി പൂത്ത ചൊക്രമുടി ഔദ്യോഗികമായി സന്ദർശകർക്കായി തുറന്നുനൽകുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

🎟️ പ്രവേശന ഫീസ്

Slide 1
Slide 2
Slide 3
Slide 4

മുതിർന്നവർ: ₹200

കുട്ടികൾ: ₹100

വിദേശ പൗരന്മാർ: ₹400

വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

നീലക്കുറിഞ്ഞിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ സന്ദർശനം സാധ്യമാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.