മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; തൊടുപുഴയുടെ വികാരത്തിനൊപ്പമെന്നും ഡീൻ കുര്യാക്കോസ് എംപി

മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; തൊടുപുഴയുടെ വികാരത്തിനൊപ്പമെന്നും ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഡീൻ കുര്യാക്കോസ് എംപി. എന്നാൽ തൊടുപുഴയുടെ വികാരത്തിനൊപ്പമായിരിക്കും എപ്പോഴും നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ജില്ല രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഡീലിമിറ്റേഷൻ കമ്മിഷന്റെ ശുപാർശകൾ ഉൾപ്പെടെയുള്ള ഭരണപരമായ വശങ്ങൾ സർക്കാർ വിശദമായി പരിശോധിക്കേണ്ടതുണ്ട്. തൊടുപുഴയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പറഞ്ഞു.

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പമാണ് താനെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

ഭരണസൗകര്യം, ജനസംഖ്യ, ഭൂപ്രദേശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം പുതിയ ജില്ലകൾ രൂപീകരിക്കേണ്ടത്. നിലവിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വികസനകാര്യങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് ജനപ്രതിനിധികൾ ഉൾപ്പെടെ ഉന്നയിക്കുന്ന വസ്തുതയാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മൂവാറ്റുപുഴയ്ക്ക് പുതിയ ജില്ലയാകാനുള്ള എല്ലാ അർഹതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൊടുപുഴയെ സംബന്ധിച്ച് അനാവശ്യമായ ചർച്ചകളും വിവാദങ്ങളും ഉയർത്തേണ്ട സാഹചര്യമില്ലെന്നും എംപി കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4