കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026: ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ്’
തൊടുപുഴ: 47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കെ.എ.പി ഒന്നാം ബറ്റാലിയനിലെ സേനാംഗം ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ് 2026’ പദവി നേടി.
ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിനാണ് ശ്രീജിത്ത് ബി.ടി. കിരീടം സ്വന്തമാക്കിയത്.
ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. അധ്യക്ഷത വഹിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് സിനോജ് ടി.എസ്. സ്വാഗതം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ബോഡി ബിൽഡിംഗ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ജയ്റാണി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി എന്നിവർ ആശംസകൾ അറിയിച്ചു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മർക്കോസ് കൃതജ്ഞത അർപ്പിച്ചു.
മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സന്നിഹിതനായിരുന്നു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണൻകുട്ടി വി., മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി എന്നിവർ ആശംസകൾ നേർന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികക്ഷമതയും ആരോഗ്യബോധവും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തെ മികവ് വളർത്തുന്നതിനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.





