റോഡ് പുനർനിർമാണം പാതിവഴിയിൽ; മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ

റോഡ് പുനർനിർമാണം പാതിവഴിയിൽ; മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ

രാജാക്കാട്: റോഡ് പുനർനിർമാണം പാതിവഴിയിൽ നിലച്ചതോടെ രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന റോഡിന്റെ അഞ്ച് കിലോമീറ്റർ ഭാഗം പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചെങ്കിലും നിർമാണം നിലച്ചതാണ് യാത്രക്കാരെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നത്.

ഉടുമ്പൻചോല താലൂക്കിലെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുന്നതിന്റെ ഉദാഹരണമായി റോഡ് നിർമാണം മാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള റോഡിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടായിരുന്നതിനാൽ മേഖല നേരത്തെ തന്നെ അപകടഭീഷണിയിലായിരുന്നു. നിരവധി അപകടങ്ങളും മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകടസാധ്യത കുറച്ച് റോഡ് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനർനിർമാണ നടപടികൾക്ക് രണ്ട് വർഷം മുമ്പ് തുടക്കമിട്ടത്.

റോഡ് പുനർനിർമാണത്തോടൊപ്പം എല്ലക്കലിലെ ഇടുങ്ങിയ പഴയ പാലത്തിന് സമീപം കൂടുതൽ വീതിയുള്ള പുതിയ പാലം നിർമിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 39 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായാണ് അറിയുന്നത്.

കാസർകോട് ആസ്ഥാനമായ ബി.ആർ.കെ. എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി വലിയ പാറമല ഇടിച്ചുനിരത്തുകയും പാറകൾ പൊട്ടിച്ചുനീക്കുകയും ചെയ്തു. റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ചതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം മറ്റൊരു റോഡിലൂടെ തിരിച്ചുവിടുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ പിന്നീട് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പ്രദേശവാസികൾ വലിയ പ്രതിസന്ധിയിലാണ്. ഒരു കോളജ്, സർക്കാർ ഐ.ടി.ഐ., അങ്കണവാടികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രധാന റോഡാണിത്. നിർമാണം പുനരാരംഭിക്കാത്തതും റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കാത്തതും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

നിർമാണം നിലച്ചതിനെതിരെ മുൻ സർക്കാരിന്റെ കാലത്തുതന്നെ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Slide 1
Slide 2
Slide 3
Slide 4

കരാർ കമ്പനി നിർമാണം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിച്ച് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പുതിയ ടെൻഡർ നടപടികളിലൂടെ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യം ശക്തമാണ്.

റോഡ് പുനർനിർമാണം നീണ്ടുപോകുന്നത് ജനങ്ങളുടെ യാത്രയ്ക്കും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് പൊതുസേവനങ്ങളുടെയും പ്രവർത്തനങ്ങൾക്കും തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.