മൂവാറ്റുപുഴ ജില്ല: ചർച്ചകൾ അപക്വമെന്ന് അപു ജോൺ ജോസഫ്

മൂവാറ്റുപുഴ ജില്ല: ചർച്ചകൾ അപക്വമെന്ന് അപു ജോൺ ജോസഫ്

തൊടുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ആവശ്യത്തിലും വിഷയം സർക്കാർ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിലും പ്രതികരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.

താൻ ജനിച്ചുവളർന്ന ഇടുക്കി ജില്ലയുടെ ഭാഗമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയുടെ 50 ശതമാനത്തിലധികം പ്രദേശം വനഭൂമിയാണ്. തൊടുപുഴ നഗരസഭയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ വനവിസ്തൃതി 70 ശതമാനത്തിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈറേഞ്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ പ്രധാന വരുമാന സ്രോതസ്സും വാണിജ്യകേന്ദ്രവും തൊടുപുഴയും പരിസര പ്രദേശങ്ങളുമാണ്. അതിനാൽ ജില്ല വിഭജനം സംബന്ധിച്ച് സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ തീരുമാനമെടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ജില്ല പ്രഖ്യാപിച്ച് പിറ്റേന്ന് തന്നെ നടപ്പാക്കാവുന്ന ലളിതമായ നടപടിയല്ല ഇതെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. കളക്ടറേറ്റ്, എസ്.പി ഓഫീസ് തുടങ്ങിയ ഭരണസംവിധാനങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ, ജീവനക്കാരുടെ നിയമനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.

Slide 1
Slide 2
Slide 3
Slide 4

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പഠനം നടത്തിയ ബാബു പോൾ കമ്മീഷന്റെ കണ്ടെത്തലുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് മുൻ സർക്കാരുകൾ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

14 ജില്ലകളുമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്ത് സമഗ്രമായ പഠനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ വാക്പോരിലേക്ക് കടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4