ഉദയനാപുരത്ത് ആമ്പൽ വസന്തം; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടശേഖരത്തിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കളുടെ വസന്തം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം വിദേശ സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ പ്രദേശത്തെ ആമ്പൽക്കാഴ്ച സഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സഞ്ചാരികൾക്കായി ആവശ്യത്തിന് വള്ളങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പത്തുമണി വരെയാണ് ആമ്പൽപ്പൂക്കൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. അതിനുശേഷം പൂക്കൾ കൂമ്പിപ്പോകുന്നതിനാൽ പുലർച്ചെയും രാവിലെയുമാണ് കാഴ്ച ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
സഞ്ചാരികളെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.





