മാലിന്യത്തിൽ നിന്ന് പൂക്കളം; ഹരിത ഓണം പൂക്കള മത്സരത്തിൽ ചക്കുപള്ളം ഒന്നാമത്

മാലിന്യത്തിൽ നിന്ന് പൂക്കളം; ഹരിത ഓണം പൂക്കള മത്സരത്തിൽ ചക്കുപള്ളം ഒന്നാമത്

ഇടുക്കി: അജൈവ പാഴ്‌വസ്തുക്കളെ കലാസൃഷ്ടികളാക്കി മാറ്റി ഹരിത ഓണം 2026 പൂക്കള മത്സരം. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓണം 2026 വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേന ടീമുകൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരമാണ് ശ്രദ്ധേയമായത്.

അജൈവ പാഴ്‌വസ്തുക്കളും റീസൈക്കിൾഡ് വസ്തുക്കളും മാത്രം ഉപയോഗിച്ചാണ് മത്സരത്തിനായി പൂക്കളങ്ങൾ ഒരുക്കിയത്. "വരവായി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം" എന്ന സന്ദേശം ഉൾക്കൊള്ളിക്കുന്നതിനൊപ്പം പൂക്കളത്തിന്റെ രൂപകൽപ്പനയിലെ വ്യത്യസ്തതയും മനോഹാരിതയും പരിഗണിച്ചായിരുന്നു മൂല്യനിർണയം.

പേപ്പർ, പ്ലാസ്റ്റിക്, കുപ്പികൾ, കുപ്പിയടപ്പുകൾ, പഴയ തുണി, മുത്തുകൾ, തെർമോകോൾ തുടങ്ങിയ ഹരിത കർമ്മ സേനയുടെ എം.സി.എഫുകളിൽ ശേഖരിച്ചിരുന്ന വിവിധ അജൈവ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ് ടീമുകൾ പൂക്കളങ്ങൾ ഒരുക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ തീർത്ത ഓരോ പൂക്കളവും മാലിന്യത്തിൽ നിന്ന് കലാസൃഷ്ടി എന്ന ആശയത്തിന്റെ മികച്ച മാതൃകയായി.

Slide 1
Slide 2
Slide 3
Slide 4

മാവേലി, Reduce-Reuse-Recycle ആശയം, ശുചിത്വ മിഷന്റെ കാക്കയും ചൂലും ഉൾപ്പെട്ട ലോഗോ, ഹരിത കർമ്മ സേന, ഖരമാലിന്യ പരിപാലന ചട്ടപ്രകാരമുള്ള നാല് തരം ബിന്നുകൾ തുടങ്ങിയവയും വിവിധ പൂക്കളങ്ങളുടെ ഭാഗമായി.

Slide 1
Slide 2
Slide 3
Slide 4

ചക്കുപള്ളം ഒന്നാമത്

Slide 1
Slide 2
Slide 3
Slide 4

മത്സരത്തിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം ഒന്നാം സ്ഥാനം നേടി. 10,000 രൂപയും ഫലകവുമാണ് സമ്മാനം. കുമളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം രണ്ടാം സ്ഥാനവും 7,000 രൂപയും ഫലകവും നേടി.

കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന ടീം മൂന്നാം സ്ഥാനത്തിന് അർഹരായി. 5,000 രൂപയും ഫലകവുമാണ് സമ്മാനം. അറക്കുളം, ഏലപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേന ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.