മുല്ലപ്പെരിയാർ സുരക്ഷാപരിശോധന: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചു.
തേക്കടിയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ ഉദ്യോഗസ്ഥർ ശക്തമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് സമിതി അനുകൂല നിലപാട് വ്യക്തമാക്കിയത്. അണക്കെട്ടിന്റെ ഭൂകമ്പ, പ്രളയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം സമിതിയെ അറിയിച്ചിരുന്നു.
എൻഎച്ച്പിസി മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സുരക്ഷാപരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.
സമിതി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബർ മൂന്നിന് തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ കേരളം ഉന്നയിച്ച ആവശ്യങ്ങളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിലെ സമഗ്ര സുരക്ഷാപരിശോധന നടക്കുന്നത്.





