ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കം തുടങ്ങി
കോട്ടയം: ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ മുന്നണികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ജില്ലയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉപതെരഞ്ഞെടുപ്പിനുണ്ട്.
ജില്ലാ പഞ്ചായത്ത് 17-ാം വാർഡായ തൃക്കൊടിത്താനം, മീനടം പഞ്ചായത്ത് ഒന്നാം വാർഡായ ചീരംകുളം, പാമ്പാടി പഞ്ചായത്ത് 10-ാം വാർഡായ കുമ്പന്താനം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 11ന് സൂക്ഷ്മപരിശോധന നടക്കും. 14നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് വാർഡുകൾക്ക് പുറമെ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വിനു ജോബ് നിയമസഭാംഗമായതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മീനടം പഞ്ചായത്തിലെ ചീരംകുളത്ത് യുഡിഎഫ് അംഗമായിരുന്ന പ്രസാദ് നാരായണന്റെയും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ യുഡിഎഫ് അംഗമായിരുന്ന ബാബു മാത്യു ഡാണാവുങ്കലിന്റെയും അകാല നിര്യാണത്തെ തുടർന്നാണ് മറ്റ് രണ്ട് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.





