ഒഡിഷ കേഡർ IPS ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഷെഫിൻ മുഹമ്മദ്‌ നിര്യാതനായി. നഷ്ടമായത് ലാളിത്യത്തിന് മാതൃകയായ ഉദ്ദ്യോഗസ്ഥനെ..

ഒഡിഷ കേഡർ IPS ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഷെഫിൻ മുഹമ്മദ്‌ നിര്യാതനായി. നഷ്ടമായത് ലാളിത്യത്തിന് മാതൃകയായ ഉദ്ദ്യോഗസ്ഥനെ..

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ലാളിത്യവും മാനുഷികതയും ഉയർത്തിപ്പിടിച്ചിരുന്ന ഒഡീഷ കേഡർ ഐജി ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫിൻ അഹമ്മദിന്റെ വിയോഗം കേരള പൊലീസ് സേനയ്ക്കും ഒഡീഷ പൊലീസിനും വലിയ നഷ്ടമായി.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഷെഫിൻ അഹമ്മദ് സിവിൽ സർവീസിൽ പ്രവേശിച്ചത്. ഐപിഎസ് നേടി ഒഡീഷ കേഡറിൽ സേവനം ആരംഭിച്ച അദ്ദേഹം കരിയറിന്റെ തുടക്കം മുതൽ സൈബർ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിൽ പ്രവർത്തിച്ച കാലയളവിലാണ് ഷെഫിൻ അഹമ്മദിലെ ജനകീയനായ ഭരണാധികാരിയെ കേരളം അടുത്തറിഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം റൂറൽ എസ്‌പിയായിരിക്കെ ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെ സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

പോലീസ് ആസ്ഥാനത്ത് എഐജിയായും ആംഡ് പൊലീസ് വിഭാഗത്തിന്റെ ഡിഐജിയായും ഉൾപ്പെടെ വിവിധ ചുമതലകൾ കേരളത്തിൽ അദ്ദേഹം വഹിച്ചു. കേരള പൊലീസിന്റെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഉന്നത പദവികളിൽ എത്തിയപ്പോഴും ഔദ്യോഗിക പ്രൗഢിയിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ലാളിത്യം സഹപ്രവർത്തകർക്കിടയിലും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥരോട് കാണിച്ചിരുന്ന വിനയവും കരുതലും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

പൊലീസുകാരുടെ കടമയ്ക്ക് കൈയടി

Slide 1
Slide 2
Slide 3
Slide 4

ഡിഐജി ആയിരിക്കെ തിരുവനന്തപുരം തകരപ്പറമ്പിൽ നടന്ന സംഭവമാണ് ഷെഫിൻ അഹമ്മദിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർധരാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ സ്വകാര്യ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4

വാഹനത്തിനുള്ളിൽ പരിശോധിച്ച ശേഷം മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ ബ്രീത്ത് അനലൈസറിൽ ഊതാനും പൊലീസുകാർ ആവശ്യപ്പെട്ടു. മുന്നിൽ നിൽക്കുന്നത് ഡിഐജിയാണെന്ന് അറിയാതെയായിരുന്നു പൊലീസുകാരുടെ പരിശോധന. പരിശോധന പൂർത്തിയാക്കി വാഹനം വിട്ടയച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് തങ്ങൾ പരിശോധിച്ചത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമാണെന്ന് മനസ്സിലായത്.

കടമ നിർവഹിക്കുന്നതിൽ പൊലീസുകാർ പുലർത്തിയ ആത്മാർഥതയും വിനയവും ശ്രദ്ധിച്ച ഷെഫിൻ അഹമ്മദ് അവരെ അഭിനന്ദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർക്ക് 500 രൂപ വീതമാണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. സംഭവത്തോടെ ഷെഫിൻ അഹമ്മദിന്റെ ലാളിത്യവും കീഴുദ്യോഗസ്ഥരോടുള്ള സമീപനവും വീണ്ടും പൊതുചർച്ചയായി.

കേരളത്തിൽ തുടരാൻ ശ്രമം

ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിന് ശേഷം കേരളത്തിൽ തുടരുന്നതിനായി കേഡർ മാറ്റത്തിന് ഷെഫിൻ അഹമ്മദ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ അദ്ദേഹത്തിന്റെ സേവനം തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ശുപാർശ ചെയ്തതായും ചീഫ് സെക്രട്ടറി വഴി കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായും വിവരങ്ങളുണ്ട്.എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതിരുന്നതോടെ ഒടുവിൽ ഒഡീഷ കേഡറിലേക്ക് മടങ്ങേണ്ടിവന്നു. കേരളത്തിൽ തന്നെ തുടരാൻ അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനം ലഭിച്ചിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും അന്ന് ഉയർന്നിരുന്നു. ഷെഫിൻ അഹമ്മദിന്റെ പിതാവ് കെ.ഒ. ഹബീബ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഷെഫിൻ അഹമ്മദ് ശ്രദ്ധേയനായതെന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞവർ പറയുന്നത്.

വാർത്തകളിൽ നിന്ന് അകന്ന്, പദവിയുടെ പ്രൗഢിയേക്കാൾ ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ഷെഫിൻ അഹമ്മദ്. ജനങ്ങളോടും സഹപ്രവർത്തകരോടും ഒരുപോലെ സൗഹൃദപരമായ സമീപനം പുലർത്തിയ അദ്ദേഹത്തിന്റെ അകാല വിയോഗം കേരള പൊലീസ് സേനയ്ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തീരാനഷ്ടമായി.