മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ; തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ആദ്യദിനമായ ഇന്ന് വിവിധ ആത്മീയ ചടങ്ങുകൾ നടക്കും. രാവിലെ ആറിന് കരോട്ടെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമികനാകും.
കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. കുർബാനയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ കുർബാന മധ്യേ ആചരിക്കും.
രാവിലെ 11ന് തോമസ് മോർ അലക്സന്ത്രയോസ് പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയും 2.30ന് ഫാ. സഖറിയാ വിനു വാക്യത്തറയുടെ പ്രസംഗവും നടക്കും. വൈകിട്ട് 4.30ന് കൊടിമരം ഉയർത്തും. അഞ്ചിന് സന്ധ്യാപ്രാർഥനയും 6.30ന് ധ്യാനവും നടക്കും. കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീം ധ്യാനത്തിന് നേതൃത്വം നൽകും.
തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്
എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന തീർഥാടകർക്ക് മെഡിക്കൽ സഹായം ഉറപ്പാക്കുന്നതിനായി അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഉപദേശക സമിതി ചെയർമാൻ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹെൽപ്പ് ഡെസ്കിൽ ലഭ്യമാണ്.
അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ.എ.എൻ. റെഡ്യാർ, ഫാ. ലിറ്റു മാത്യു തണ്ടാശേരിൽ, ഡോ. സി.എസ്. കേശവൻ, എം.കെ. പ്രസന്നൻ, കെ.സി. ബിജു, എൻ. അനിൽകുമാർ, എം.എൻ. ഗോപകുമാർ, അനീഷ് അന്ത്രയോസ്, സി.എം. മനോജ്, അജയ് മോഹൻ എന്നിവർ പങ്കെടുത്തു.





